ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് 729 റോഡുകൾ അടച്ചിട്ടു. സംസ്ഥാനത്തിന് ഇതുവരെ 12,000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞമാസം മുതൽ ഓഗസ്റ്റ് വരെ ഏകദേശം 804 മില്ലിമീറ്റർ മഴയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. സാധാരണ നിലയിലേക്കാളും 41% വർദ്ധനവ്. ഷിംലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 2500 ഓളം വീടുകൾ പൂർണമായി തകർന്നു. സംസ്ഥാനത്ത് മാത്രം 113 ഇടങ്ങളിൽ കനത്ത മണ്ണിടിച്ചിൽ ഉണ്ടായി. 248 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥകേന്ദ്രത്തിന്റെ റിപ്പോർട്ട്.