ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ തുടങ്ങുന്നത്. ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് വികസിപ്പിച്ചെടുത്ത സെർച്ച് എൻജിനാണ് ഗൂഗിൾ. ആദ്യം ഉണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് ഇവർ അവലംബിച്ചത്. ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ. നൂറിലേറെ സർവീസുകളും ഉൽപ്പന്നങ്ങളും ഗൂഗിളിന് നിലവിലുണ്ട്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയോടുകൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചുകഴിഞ്ഞു. തിരയുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം, ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത്തിയഞ്ചാം വയസിലെത്തിയ ഗൂഗിളിൻറെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം.