കണ്ണൂർ: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയിൽ പിടിച്ചിട്ടത് ഒരു മണിക്കൂറിലേറെ. എഞ്ചിൻ പ്രവർത്തന രഹിതമായതാണ് ട്രെയിൻ വഴിയിൽ കുടുങ്ങാൻ കാരണമെന്നാണ് വിവരം. സാങ്കേതിക പ്രശ്നമാണ് ട്രെയിൻ പിടിച്ചിടാൻ വിനയായത്. ഒരു മണിക്കൂറിലേറെ പിടിച്ചിട്ട ട്രെയിൻ അഞ്ച് മണിയോടെ കണ്ണൂരിൽ നിന്നും വീണ്ടും പുനരാരംഭിച്ചു.
ഇതേ തുടർന്ന് മൂന്നരയ്ക്ക് പുറപ്പെടേണ്ട ട്രെയിൻ അഞ്ച് മണിക്ക് ശേഷമാണ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. ഇലക്ട്രിക് ഡോർ അടയാതിരുന്നതിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ കംപ്രസർ തകരാറിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ ഓഫാവുകയും ചെയ്തു. എസി പ്രവർത്തിക്കാതെ വന്നതോടെ ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ ദുരിതത്തിലായി.
വിമാന സമയം നോക്കി ട്രെയിനിൽ കയറിയ ചിലർക്ക് വിമാനങ്ങൾ കിട്ടാത്ത സ്ഥിതിയായെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.