Now not only the country but also the world is staring at the moon

രാജ്യം ചന്ദ്രയാൻ മൂന്നിന്റെ ചരിത്ര വിജയത്തിളക്കത്തിലാണ്. ഇനി രാജ്യം മാത്രമല്ല ലോകവും ചന്ദ്രനെ ഉറ്റുനോക്കൂ. വരുംകാലങ്ങളിൽ ചന്ദ്രനെ കോളനിവൽക്കരിക്കാനുള്ള മത്സരമാണ് ഇപ്പോൾ വിവിധ രാഷ്ട്രങ്ങൾ തമ്മിൽ നടത്തിവരുന്നത്. വരുന്ന ദശാബ്ദത്തിൽ ചന്ദ്രനിലും പരിസരത്തുമായി വിവിധ രാഷ്ട്രങ്ങൾ നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ ബഹിരാകാശരംഗത്ത് വലിയ മത്സരങ്ങളിലേക്ക് ലോകത്തെ നയിക്കുമെന്നാണ് നാസ പറയുന്നത്. വിവിധ രാഷ്ട്രങ്ങൾ അവരുടെ സാങ്കേതിക വൈദഗ്ധ്യം പ്രദർശിപ്പിക്കാനുള്ള വേദിയാക്കി ചന്ദ്രനെ മാറ്റുമെന്നുമാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങും മുന്നേ അവിടെയെത്താൻ റഷ്യ നടത്തിയ മത്സരയോട്ടം ഇതിനു മികച്ച തെളിവാണ്. ലൂണാ 25 പരാജയപ്പെട്ടെങ്കിലും തിരിച്ചുവരാൻ വേണ്ടി ശ്രമം തുടർന്നുകൊണ്ടേയിരിക്കും. ജപ്പാന്റെ സ്‌പേസ് ഏജൻസിയായ ജാക്‌സ ചന്ദ്രനിൽ കൂടുതൽ കൃത്യതയാർന്ന ലാൻഡിങ് നടത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 26ന് അത് നടപ്പിലാക്കും. ലാൻഡിങ് ടെക്‌നിക്കുകൾ പരീക്ഷിക്കുകയും ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് ജാപ്പനീസ് സ്‌പേസ് ഏജൻസിയുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ജപ്പാനെ പോലെ ചൈനയും രംഗത്ത് എത്തിയിട്ടുണ്ട്. 2030-ഓടെ മനുഷ്യരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവർ. ചന്ദ്രന്റെ ദക്ഷിണധ്രുവമായിരിക്കും ഇനി ഇന്ത്യ പോലെ മറ്റു രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നത്. വരുന്ന ദശാബ്ദത്തിൽ നിരവധി ചാന്ദ്രദൗത്യങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നാണ് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ അസിസ്റ്റന്റ് ഡയറക്ടറായ മാത്യു ഡാനിയേൽസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *