വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പെർസയ്ഡ് ഉൽക്കമഴ ഇന്ന് രാത്രി 12 മണി മുതൽ 3 മണി വരെ കാണുമെന്ന് വാനനിരീക്ഷകർ. വാനലോകത്തെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഉൽക്കവർഷം. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന ന്യൂ മൂൺ സമയമായതിനാലാണ് ഇത് സാധ്യമാകുന്നത്. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്ത് ദൃശ്യമാകും എന്നാണ് പറയപ്പെടുന്നത്. ഭൂമിയിൽ എവിടെ നിന്നും ഉൽക്കമഴ കാണാൻ സാധിക്കും മാത്രമല്ല ഉൽക്കമഴ അതിന്റെ പൂർണ്ണതയിൽ കാണാൻ സാധിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കി. ഈ വർഷത്തെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് ഇന്ന് ദൃശ്യമാകുക. ഓരോ 133 വർഷം കൂടുമ്പോഴും സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഭീമൻ വാൽനക്ഷത്രം സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി കടന്നുപോകുന്നു. അതിൽനിന്നും തെറിച്ചുപോകുന്ന പൊടിപടലങ്ങൾ സൗരയൂഥത്തിൽ തങ്ങിനിൽക്കും. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് പെർസയ്ഡ് ഉൽക്കമഴ ഉണ്ടാകുന്നത്. ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഉൽക്കകൾ ആയിരിക്കും ചിലപ്പോൾ നമ്മൾ കാണാൻ പോകുന്നത്. കൊള്ളിമീൻ, meteor ഷവർ എന്നിങ്ങനെ ഉൽക്കമഴ അറിയപ്പെടുന്നു. ടെലിസ്കോപ്പിന്റെ ആവശ്യമില്ലാതെ തന്നെ കിഴക്ക് ദിശയിൽ ഉൽക്കമഴ കാണാൻ സാധിക്കും. എല്ലാവർഷവും ജൂലായ് 17 മുതൽ ഓഗസ്റ്റ് 24 വരെയാണ് പെർസയ്ഡ് ഉൽക്കമഴ ഉണ്ടാവാറുള്ളത് എന്നാൽ പൂർണ്ണതയിൽ എത്തുന്നത് ഓഗസ്റ്റ് 12,13,14 ദിവസങ്ങളിലാണ്. ചിലപ്പോൾ 13ന് പുലർച്ചെ മൂന്നിനോ നാലുമണിക്കോ ആകും തുടരെത്തുടരെയുള്ള ഉൽക്കമഴ കാണാൻ. ലോകമെമ്പാടും ഉൽക്കമഴ കാണാനുള്ള തയ്യാറെടുപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *