ചന്ദ്രനിൽ ചരിത്രമെഴുതി ഇന്ത്യ. ലോകത്തിനു മുൻപിൽ വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നുള്ള ഒരു ദൗത്യങ്ങൾക്കും സ്പർശിക്കാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചാന്ദ്രയാൻ 3 ഇറങ്ങിയത്. “ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി നിങ്ങളും” അഭിമാനപൂർവ്വം ഇന്ത്യയ്ക്ക് ചന്ദ്രയാന്റെ സന്ദേശം. കഴിഞ്ഞ 40 ദിവസത്തെ ഇന്ത്യയുടെ സ്വപ്ന ദൗത്യമാണ് ചന്ദ്രയാൻ 3. സോഫ്റ്റ് ലാൻഡ് ചെയ്തതിനുശേഷമുള്ള ആദ്യ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ ഇമേജ് ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ഇന്ന് വൈകിട്ട് 6.04 ഓടെയാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്. 5.45 നാണ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടായാൽ ഓഗസ്റ്റ് 27 ലേക്ക് ലാൻഡിങ് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഇന്നുതന്നെ ലാൻഡിങ് നടക്കുമെന്ന് ഐഎസ്ആർഒയ്ക്ക് ഉറപ്പുണ്ടായിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്തുതന്നെ ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ മാത്രമാണ് മുൻപ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളത്. ഐഎസ്ആർഒ യുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ആയിരത്തിലധികം ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് ഈ വിജയം. ചന്ദ്രയാൻ മൂന്നിന്റെ പിറകിൽ ഏറ്റവുമധികം പ്രവർത്തിച്ച വ്യക്തിയാണ് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇദ്ദേഹം ചന്ദ്രയാൻ 3 ടീമിന് നേതൃത്വം നൽകുകയും ഓരോ ഘട്ടത്തിലും നിർദ്ദേശങ്ങൾ നൽകി ടീമിനെ നയിക്കുകയും ചെയ്തു.