ചന്ദ്രൻറെ ദക്ഷിണ ദ്രുവത്തിൽ ആരാദ്യം ഇറങ്ങും ലോകം കണ്ണും നട്ടു കാത്തിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ മൂന്നോ അല്ലെങ്കിൽ റഷ്യ അരനൂറ്റാണ്ടിനു ശേഷം ചന്ദ്രനെ ലക്ഷ്യമിട്ടു വിക്ഷേപിച്ച ലൂണ ഇരുപത്തിയഞ്ചോ? ചന്ദ്രയാനാണ് ആദ്യം വിക്ഷേപിച്ചത്. കഴിഞ്ഞ ജൂലൈ 14ന്. ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ മാസം 23-നോ 24-നോ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ലൂണ-25 ഈ മാസം പത്തിനാണ് വിക്ഷേപിച്ചത്. വൈകിയാണ് കുതിപ്പ് തുടങ്ങിയതെങ്കിലും നേരത്തെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ആണ് റഷ്യൻ ബഹിരാകാശ ഏജൻസി ലക്ഷ്യമിടുന്നത്. ഈ മാസം 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമെന്ന് അവർ പറയുന്നു.