പശ്ചിമബംഗാളില്‍ വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷം. സൗത്ത് 24 പര്‍ഗനാസിലെ ഭന്‍ഗര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് അക്രമണമുണ്ടായത്.
ഗ്രാമപഞ്ചായത്ത് സീറ്റുകളിലൊന്നിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അവസാന റൗണ്ടില്‍ ഒരു ബൂത്തില്‍ ലീഡ് ചെയ്തിരുന്ന ഐഎസ്എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ബോംബുകള്‍ എറിഞ്ഞതോടെ സാഹചര്യം കൂടുതല്‍ രൂക്ഷമാകുകയും കേന്ദ്രസേനയ്ക്കും സംസ്ഥാന പോലീസിനും വെടിയുതിര്‍ക്കേണ്ടതായും വന്നു. സംഘര്‍ഷത്തിനിടെ ഒരു അഡീഷണല്‍ പോലീസ് സൂപ്രണ്ടിന്റെ കൈക്ക് വെടിയേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇന്നലെ രാത്രി മുതല്‍ സംഘര്‍ഷ സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 8 ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 11 പേരും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ നടന്ന അക്രമസംഭവങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 33 കവിഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് ഭരണകക്ഷിയായ ടിഎംസിയില്‍ നിന്നുളളവര്‍ക്കാണ്. തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും തങ്ങളുടെ പ്രവര്‍ത്തകരോ അനുഭാവികളോ ആണെന്ന് ടിഎംസി അവകാശപ്പെട്ടു.