തിരുവനന്തപുരം: ഇന്നോവ കാർ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാറിൽ നിന്ന് കണ്ടെത്തിയത് സിന്തറ്റിക് ലഹരിമരുന്നും കഞ്ചാവും. ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം രാത്രി 10 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത് അനുസരിച്ച് ഉടൻ ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തുകയും വാഹനം ഓടിച്ചിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയത്. വാഹനം ഓടിച്ചിരുന്ന പാലക്കാട് കോങ്ങാട് കരിമ്പ എടക്കുറിശ്ശി കപ്പടം തുണ്ടത്തിൽ വീട്ടിൽ ഫ്രാൻസിസ് (27)നെ എം.ഡി.എം.എയും കഞ്ചാവും കൈവശം സൂക്ഷിച്ചതിന് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു.