ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; ടെസ്‌ലയുടെ മോഡല്‍ വൈ ഉടന്‍ വിപണിയില്‍

യു എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ ഇലക്‌ട്രിക് ക്രോസോവറായ മോഡല്‍ വൈ അടുത്ത മാസം വില്‍പനയ്ക്കെത്തും. ഇതിനു മുന്നോടിയായി ജനുവരി മുതല്‍ മോഡല്‍ വൈ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതായും ടെസ്‌ല വെളിപ്പെടുത്തി.

ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ മോഡല്‍ ത്രീ ആധാരമാക്കിയാണു മോഡല്‍ വൈ സാക്ഷാത്കരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ക്രോസോവര്‍ വിഭാഗത്തില്‍പെട്ട മോഡല്‍ വൈ കമ്ബനി അനാവരണം ചെയ്തത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ പിന്നിടാന്‍ മോഡല്‍ വൈക്കു കഴിയുമെന്നാണു ടെസ്‌ലയുടെ അവകാശവാദം.മോഡല്‍ വൈ ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് പുതിയ കാര്‍ കൈമാറുന്ന തീയതി സംബന്ധിച്ച വിവരങ്ങളുമായി ടെസ്ല ഇ മെയില്‍ അയച്ചു തുടങ്ങിയിട്ടുണ്ട്.

മുമ്ബ് നിശ്ചയിച്ചതിലും നേരത്തെ തന്നെ മോഡല്‍ വൈ വില്‍പനയ്ക്കെത്തുമെന്നു ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഇലോണ്‍ മസ്ക് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വരുന്ന ശീതകാലത്ത് മോഡല്‍ വൈ വില്‍പ്പനയ്ക്കെത്തിക്കാനാണു ടെസ്‌ല ലക്ഷ്യമിട്ടിരുന്നത്; എന്നാല്‍ വേനല്‍ക്കാലത്തു തന്നെ കാര്‍ വിപണിയിലെത്തിക്കാന്‍ കഴിയുംവിധമാണു ഫ്രിമൊണ്ട് ശാലയിലെ പ്രവര്‍ത്തനം പുരോഗമിക്കുന്നതെന്നായിരുന്നു മസ്കിന്റെ വെളിപ്പെടുത്തല്‍.

Source: Internet