പത്തനംതിട്ട ഇഞ്ചപ്പാറയിൽ ഭീതിപരത്തുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. നാലുദിവസം മുൻപാണ് ഇഞ്ചപ്പാറ സ്വദേശി ബാബുവിന്റെ പശുക്കിടാവിനെ കാണാതാവുകയും പിന്നീട് മൃതദേഹവിശിഷ്ടം ലഭിക്കുകയും ചെയ്തത്. മൃതദേഹവിശിഷ്ടം വെച്ച് നാട്ടുകാർ കാവിൽ ഇരിക്കുകയും പുലിക്കൂട്ടത്തെ കാണുകയും ചെയ്തു. നാലു പുലികൾ ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ സിസിടിവി സ്ഥാപിച്ച എങ്കിലും കൂട് സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല. ഒടുവിൽ പ്രതിഷേധം ഉയർന്നതോടെ ഇന്ന് രാവിലെ ഉദ്യോഗസ്ഥർ എത്തി ഇഞ്ചപ്പാറയിൽ കൂട് സ്ഥാപിക്കുകയായിരുന്നു. പശുക്കിടാവിന്റെ മൃതദേഹം ഭക്ഷിക്കാൻ ഇന്നലെയും പുലി വന്നിരുന്നുയെന്ന് നാട്ടുകാർ പറയുന്നു. കൂട്ടിൽ ആട്ടിൻകുട്ടിയെവെച്ച് കാവൽ ഇരുന്നാൽ പുലി വരുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞവർഷവും ഈ പ്രദേശത്ത് പുലിയിറങ്ങി ആട്ടിൻ കുട്ടികളെ പിടിച്ചിരുന്നു. അന്ന് ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.