പത്തനംതിട്ട നൗഷാദ് തിരോധാന കേസില്‍ പുതിയ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതാണ് കേസിൽ പുതിയ വഴിത്തിരിവായത്. തൊമ്മൻകുത്തിനു സമീപം കുഴിമുറ്റം എന്ന സ്ഥലത്തു വെച്ചാണ് നൗഷാദിനെ പോലീസ് കണ്ടെത്തിയത്. ഇയാൾ ഇവിടെ ഉള്ളതായി ചിലർ സംശയം അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഭാര്യ അഫ്സാനയെ ഭയന്ന് താൻ നാടുവിട്ടതാണെന്ന് നൗഷാദ് പറഞ്ഞു. ഇദ്ദേഹം തൊമ്മൻകുത്ത് എന്ന സ്ഥലത്ത് ഒന്നര വർഷമായി കൂലിവേല ചെയ്തു ജീവിക്കുകയായിരുന്നു എന്ന് പോലീസിന് മൊഴി നൽകി. തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശനിവാസിയായ ജയ്മോൻ എന്ന പോലീസുകാരനാണ് നൗഷാദിനെ കണ്ടെത്തിയത്. വീട്ടിൽനിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസിൽ മൊഴി നൽകിയതോ ഒന്നും താൻ അറിഞ്ഞിരുന്നില്ലെന്നും ഒന്നരവർഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ലെന്നും ഫോൺ ഉപയോഗിക്കാറില്ലെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാൻ താൽപര്യമില്ലെന്നാണ് നൗഷാദ് പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞത് . ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന മൊഴി പോലീസിന് നൽകിയതെന്തിനാണെന്ന് തനിക്ക് അറിയില്ലെന്ന് നൗഷാദ് പറയുന്നു. ഭാര്യ തന്നെ അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു. ഭാര്യക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയമുണ്ടെന്നും ഇദ്ദേഹം പറയുന്നു. നൗഷാദിനെ തൊടുപുഴ പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.