ലക്ഷങ്ങൾ വിലയുള്ള കടൽ കുതിരയുമായി ചെന്നൈ സ്വദേശി വനംവകുപ്പിന്റെ പിടിയിൽ. പാലക്കാട് ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് എഴിൽ സത്യ പിടിയിലായത്. കവറിലിട്ട് ബോക്സിൽ ആക്കിയ നിലയിലായിരുന്നു കടൽ കുതിര ഉണ്ടായിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്കുമായാണ് ഉപയോഗിക്കുന്നത്. മരുന്നു നിർമാണത്തിനോ അല്ലെങ്കിൽ ലഹരി നിർമ്മാണത്തിനോ ആയിരിക്കാം കടൽ കുതിരയുമായി എത്തിയത്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.