പാലക്കാട് തിരുവാഴിയോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. കല്ലട ട്രാവൽസിന്റെ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇതിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാൾ. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ബസിനടിയിൽ പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് അടുത്തുള്ള ആശുപത്രികളിലെത്തിക്കുകയായിരുന്നു.