Tanur boat accident; Maritime CEO replaced

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകിയ മാരിടൈം ബോർഡ് സിഇഒയുടെ കസേര തെറിച്ചു. ടി.പി സലീം കുമാറിനെയാണ്സ്ഥാനത്തുനിന്ന് മാറ്റിയത്. അപകടമുണ്ടാക്കിയ ബോട്ടിന് ലൈസൻസ് കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിളിച്ചെന്ന് ക്രൈംബ്രാഞ്ചിന് ടി പി സലീം കുമാർ നൽകിയ മൊഴിയും പുറത്തുവന്നു. താനൂർ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പൊലീസ് സംഘത്തിന് മുന്നിലാണ് മാരിടൈം സി ഇ ഒ മൊഴി കൊടുത്തത്. മുൻകൂർ അനുമതിയില്ലാതെ നിർമിച്ച അത്ലാന്‍റിസ് ബോട്ടിന് അനുമതി കിട്ടാൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അൻവർ സാദത്ത് വിളിച്ചെന്നായിരുന്നു ടിപി സലീം കുമാറിന്‍റെ മൊഴി. മത്സ്യബന്ധന ബോട്ടായി രൂപകൽപന ചെയ്ത അത്ലാന്‍റിസ്, ടൂറിസം ആവശ്യത്തിലേക്ക് മാറ്റുകയായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നും സിഇഒ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. അപകടത്തിന്‍റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയിൽച്ചാരി രക്ഷപെടാൻ ഭരണ നേതൃത്വം ശ്രമിക്കുന്നെന്ന ആരോപണത്തിനിടെയാണ് മാരിടൈം സിഇഒയുടെ മൊഴി തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിന് തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ സലീംകുമാറിനെ തൽസ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കിയത്. ഇപ്പോൾ പൊതുഭരണ അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹഖിനെ മാരിടൈം സിഇഒ ചുമതല നൽകുകയും സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *