മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി ബോട്ടുടമ പട്ടാരകത്ത് നാസർ (നസീർ-52) ഉൾപ്പെടെ നാലുപേർക്കാർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. താനൂർ പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (34), പനങ്ങാട്ടൂർ പൊരിഞ്ചിന്റെ പുരയ്ക്കൽ വീട്ടിൽ ബിലാൽ (34), എളാരം കടപ്പുറം വടക്കയിൽ സവാദ് (42) എന്നിവരാണ് ജാമ്യം ലഭിച്ച മറ്റു പ്രതികൾ. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയെന്ന് കണ്ടെത്തിയത്തിനെത്തുടർന്നാണ് ബോട്ടുടമയെ അറസ്റ്റ് ചെയ്തത്. 101 ദിവസമായി ഇയാൾ റിമാൻഡിലാണ്.