2021 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ മലപ്പുറം ജില്ലയിൽ ഏകദേശം 270 കുഞ്ഞുങ്ങളുടെ ജനനം വീടുകളിൽ നടന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ വർഷം മാത്രം 80ലധികം കുഞ്ഞുങ്ങൾ ആശുപത്രികളിൽ പോവാതെ മലപ്പുറത്തെ വീടുകളിൽ ജന്മം കൊണ്ടതെന്നും മലപ്പുറം ഡിഎംഒ ഡോ.ആർ. രേണുക പറഞ്ഞു. മലപ്പുറത്ത് ഓരോ മാസവും അഞ്ചുവയസ്സിന് താഴെയുള്ള 40 മുതൽ 50 വരെ കുട്ടികൾ മരിക്കുന്നു. ഭവനങ്ങളിൽ നടക്കുന്ന പ്രസവങ്ങളിൽ കുട്ടികൾക്ക് വേണ്ടത്ര വാക്സിനുകൾ ലഭിക്കുന്നില്ല. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും. വീടുകളിൽ ഡെലിവറി നടത്തുന്നവരെ നേരിട്ട് കാണുകയും ബോധവൽക്കരണം നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും വീടുകളിൽ പ്രസവം നടക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് ഡിഎംഒ പറയുന്നു. പ്രസവസമയത്ത് പ്രൊഫഷണൽ പരിചരണത്തിന്റെ ആവശ്യം കുട്ടിക്കും അമ്മയ്ക്കും ലഭ്യമാകേണ്ടതുണ്ട്.