കോഴിക്കോട് കുറ്റ്യാടിയിൽ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ സംശയമുള്ളവരെ ചോദ്യം ചെയ്തെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചയോടെയാണ് കുറ്റ്യാടി കക്കട്ടിൽ യുവതിയുടെ വീട്ടിൽ കയറി മുഖംമൂടി ധരിച്ചയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമം യുവതി ചേറുത്തതോടെ അക്രമി ഓടി രക്ഷപ്പെട്ടു. അതിക്രമത്തിനുശേഷം പരാതി നൽകിയെങ്കിലും പോലീസ് വേഗത്തിൽ നടപടികൾ സ്വീകരിച്ചില്ലെന്ന് അതിക്രമത്തിന് ഇരയായ യുവതി ആരോപിച്ചിരുന്നു. അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷനെ ബന്ധപ്പെടാൻ ഇരിക്കുകയാണ് യുവതിയുടെ കുടുംബം.