കോഴിക്കോട് നിപ ബാധയെന്ന് സംശയം. ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നാല് പേർ നിപ ലക്ഷണങ്ങളുമായി ചികിത്സയിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പനിബാധിച്ച് രണ്ടുപേരുടെ അസ്വഭാവിക മരണത്തിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയത്. കോഴിക്കോട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. ഫലം വൈകിട്ടോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചികിത്സയിൽ 9 വയസ്സുകാരൻ വെന്റിലേറ്ററിലാണ്. ആരോഗ്യനില തൃപ്തികരമാണ്. മറ്റു മൂന്നു പേർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. 75 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പനി ലക്ഷണങ്ങൾ ഇല്ലാത്തവരോട് വീടുകളിൽ തന്നെ കഴിയാൻ നിർദ്ദേശം നൽകി. രോഗ ലക്ഷണങ്ങൾ ഉള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷനിലേക്ക് മാറ്റും.