കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്ന ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് ഡോ എ.എസ് അനൂപ് കുമാർ അറിയിച്ചു. 2018ൽ തലച്ചോറിനെ ബാധിച്ച രോഗം ഇത്തവണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പനിയും ശ്വാസതടസവും അനുഭവപ്പെടുന്നവർ നിരീക്ഷണത്തിൽ പോകണം. ചുമയും മൂക്കൊലിപ്പുമാണ് പ്രധാന ലക്ഷണമെന്നും രോഗലക്ഷണമുള്ളവർ ചികിത്സ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടിക തയാറാക്കുമെന്നും ഡോ എ.എസ് അനൂപ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില തൃപ്തികരമാണ്. നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.