കൊല്ലം കടയ്ക്കൽ സ്വാമിമുക്കിൽ പിക്കപ്പ് ഓട്ടോ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് നാലുപേർക്ക് അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇർഫാൻ, ഒപ്പം ഉണ്ടായിരുന്ന അമ്മ റസീനബീവി, വഴിയാത്രകാരായ തങ്കമണി, ഗീതു എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാഞ്ഞിരത്തിൻ മൂട് നിന്ന് കടയ്ക്കല്ലിലേക്ക് അമിത വേഗതയിൽ വന്ന പിക്കപ്പ് ഓട്ടോ വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന തൃക്കണ്ണാപുരം സ്വദേശി തങ്കമണിയുടെ ദേഹത്തേക്കാണ് വാഹനം മറിഞ്ഞത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.