ഒരായിരം പാട്ടുകൾ നിറ പുഞ്ചിരിയാൽ മലയാളികൾക്കായി സമ്മാനിച്ച കെ.എസ്.ചിത്രയ്ക്ക് ഇന്ന് 60ാം പിറന്നാൾ. സ്വരഭംഗിയാലും ആലാപന വശ്യതയാലും വാനമ്പാടിയെന്ന വിശേഷണത്തിനപ്പുറത്തേക്കു പറന്നിറങ്ങിയ പാട്ടുകാരിയാണ് മലയാളികളുടെ പ്രിയപ്പെട്ട ചിത്ര. കെ.എസ്.ചിത്രയുടെ പാട്ടു കേൾക്കാത്തൊരു ദിനപോലും മലയാളികൾക്കു കടന്നു പോകുന്നില്ല.മലയാളത്തിൽ മാത്രമല്ല വിവിധ ഭാഷകളിലായി 25,000 ലേറെ പാട്ടുകൾ ചിത്ര ആലപിച്ചുകഴിഞ്ഞു, അവയിൽ മലായും ലാറ്റിനും അറബിയും ഇംഗ്ലീഷും ഫ്രഞ്ചും ഉൾപ്പെടുന്നു.വിനയത്തിന്റെ രാഗമായി അവർ ആലപിച്ച ഗാനങ്ങൾ നമ്മുടെ ജീവിതത്തിന്റെ തന്നെ താളമാണ്. അതിൽ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോയില്ല. ഇനി വരാനിരിക്കുന്ന കാലഘട്ടങ്ങൾക്കും അത് അങ്ങനെ തന്നെയാകും. 1963 ജൂലൈ 27ന് പാട്ടിനെ ഏറെ സ്നേഹിക്കുന്ന കരമന കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മകളായി തിരുവനന്തപുരത്തെ കരമനയിലാണ് കെ.എസ്.ചിത്ര ജനിച്ചത്. അച്ഛൻ തന്നെ ആദ്യ ഗുരു. മകളുടെ പാട്ടിനായി തന്നെയായിരുന്നു ജീവിതത്തിന്റെ പകുതിയിലധികവും അച്ഛൻ മാറ്റിവച്ചതും. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്. അട്ടഹാസമെന്ന ചിത്രത്തിലെ ചെല്ലം ചെല്ലം എന്ന ഗാനം പാടിക്കൊണ്ടായിരുന്നു ഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. എങ്കിലും സംവിധായകൻ സത്യൻ അന്തിക്കാട് രചിച്ച് എം.ജി രാധാകൃഷ്ണൻ ഈണമിട്ട രജനീ പറയൂ എന്ന ഗാനമാണു ചിത്രയുടെ ആദ്യ ഹിറ്റ്. യേശുദാസിനൊപ്പം പങ്കിട്ട നിരവധി വേദികളും കെ.എസ് ചിത്രയുടെ സംഗീത ജീവിതത്തിൽ മാറ്റു കൂട്ടി.മെലഡി ക്വീൻ ഓഫ് ഇന്ത്യ, ഗോൾഡൻ വോയ്സ് ഓഫ് ഇന്ത്യ, വാനമ്പാടി, ചിന്നക്കുയിൽ തുടങ്ങി നിരവധി വിശേഷണങ്ങൾ നേടിയ ഗായിക കൂടിയാണ് ചിത്ര. കെ. എസ് ചിത്രയുടെ പാട്ടുകൾ പോലെ 60 ആം വയസ്സിലും കെ. എസ് ചിത്ര തിളങ്ങി നിൽക്കുകയാണ്.