ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 44ാം വിവാഹ വാര്‍ഷിക ദിനം. 1979ൽ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ്റെയും തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപിക കമലയുടെയും വിവാഹം നടന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞതിനുശേഷമായിരുന്നു വിവാഹം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി അച്ചടിച്ചത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. അന്നത്തെ പ്രമുഖ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.