സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവം. ജനറൽ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, എക്സാം ഹോളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൾ ജയരാജ് ആർ ഫീസ് അടക്കാത്തതിന്റെ പേരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിൽ ഇരുത്തി പരീക്ഷയെഴുതിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. കുട്ടിയുടെ പിതാവ് കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. ഇതിന്റെ പിന്നാലെ രക്ഷിതാവ് ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. സ്കൂൾ മാനേജ്മെന്റിനെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയെ സ്കൂൾ മാറ്റാമെന്ന നിലപാടിലാണ് രക്ഷിതാക്കൾ.