ഡോക്ടർ വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്നൊരു ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രതിയായ സന്ദീപിന് കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1050 പേജുകളും 136 സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ ഉൾപെടുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള തെളിവുകൾ സഹിതമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി.