അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ്. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഈ കേസിൽ 32, 33 പ്രതികളാണ്. ഇവർക്കെതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയത്. പക്ഷേ ഈ കേസിൽ നിന്നും വിടുതൽ ആവശ്യപ്പെട്ടാണ് ഇവർ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിൽ ഹർജി നൽകിയത്. ഇതിനെതിരെയാണ് അരിയിൽ ഷുക്കൂറിന്റെ മാതാവ് ആത്തിക കോടതിയെ സമീപിച്ചിട്ടുള്ളത്. ഇവരുടെ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആവശ്യപ്പെടുന്നു. മകനോട് ഇരു പ്രതികൾക്കും വിരോധം ഉണ്ടായിരുന്നുവെന്ന് ആത്തിക പറയുന്നു. ഇവരുടെ വാഹനം തടഞ്ഞെന്നാരോപിച്ച് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് മകൻ കൊല്ലപ്പെടുന്നത് എന്നും ആത്തിക വിടുതൽ ഹർജിയെ എതിർത്തു കൊണ്ടുള്ള സത്യവാമൂലത്തിൽ ചൂണ്ടികാണിക്കുന്നു. മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഇരുവർക്കു നേരിട്ട് ബന്ധമുണ്ടെന്ന് അവർ വ്യക്തമാക്കുന്നു. അതിനാൽ പ്രതികളുടെ വിടുതൽ ഹർജി തള്ളണം എന്നാണ് ആവശ്യം