സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന്റെ പണം മൂന്നുമാസമായി സർക്കാർ നൽകിയിട്ടില്ല. പ്രധാന അധ്യാപകർ കടം വാങ്ങിയാണ് ഉച്ചഭക്ഷണം വിതരണം മുന്നോട്ടു കൊണ്ടു പോകുന്നത്. സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത തിരുവനന്തപുരം കരകുളം സ്കൂളിലെ പ്രധാന അധ്യാപകൻ വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയെങ്കിലും കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ സമരത്തിന് ഒരുങ്ങുകയാണ് അധ്യാപക സംഘടനകൾ. അദ്ധ്യായന വർഷം തുടങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും നയാ പൈസ പോലും ഉച്ചഭക്ഷണ വിതരണത്തിന് സർക്കാർ നൽകിയിട്ടില്ല. പ്രധാന അധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്നെടുത്തും കടം വാങ്ങിയുമാണ് ഉച്ചഭക്ഷണ വിതരണം മുന്നോട്ടു കൊണ്ടു പോകുന്നത്. സർക്കാർ ആകെ വിതരണം ചെയ്യാനുള്ളത് 130 കോടി രൂപയാണ്. ഇതിൽ 80 കോടി രൂപ കേന്ദ്രവിഹിതവും. ഇനിയും കടം വാങ്ങി മുടിയാനവില്ലന്ന് അധ്യാപക സംഘടനകൾ പറയുന്നു.