ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചത്തിന്റെ പേരിൽ കോട്ടയം കൈതപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടുയെന്ന കോൺഗ്രസ് ആരോപണത്തിൽ വഴിത്തിരിവ്. അനധികൃതമായി ജോലി ചെയ്തതിനാലാണ് പി.ഓ സതിയമ്മക്കെതിരെ നടപടിയെടുത്തതെന്ന് മന്ത്രി ജെ ചിഞ്ചു റാണി വിശദീകരിച്ചു. സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അവസാനിച്ചിരുന്നു. പകരം ലിജി മോൾ എന്ന സ്ത്രീയെ നിയമിച്ചു. രേഖകളിൽ ലിജിമോളാണ് ജോലി ചെയ്യുന്നത് അതുപോലെ ശമ്പളം പോകുന്നത് ലിജിമോളുടെ അക്കൗണ്ടിലേക്ക് ആണെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സതിയമ്മ അനധികൃതമായി ജോലി ചെയ്യുന്നത് കണ്ടെത്തിയത്. അന്നുതന്നെ നടപടിക്ക് നിർദ്ദേശം നൽകിയതായി ജില്ല മൃഗസംരക്ഷണവകുപ്പ് മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഞായറാഴ്ചയാണ് സതിയമ്മ മാധ്യമങ്ങൾക്ക് മുന്നിൽ ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചത്.