പുതുപ്പള്ളിയില്‍ മൃഗാശുപത്രി താൽക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. കാലാവധി കഴിഞ്ഞിട്ടും പി ഒ സതിയമ്മ ജോലിയില്‍ തുടര്‍ന്നത് വകുപ്പിന്റെ അറിവോടെയാണെന്ന് പുതുപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ മധു മാധ്യമങ്ങളോട് പറഞ്ഞു. 2023 ഫെബ്രുവരിയ്ക്ക് ശേഷം ആരെയും നിയമിക്കാന്‍ കുടുംബശ്രീ കത്ത് കൊടുത്തിട്ടില്ല. സിഡിഎസ് സാക്ഷ്യപെടുത്താതെ ലിജി മോളെ പകരം നിയമിച്ചത് എങ്ങനെയെന്ന് എനിക്കറിയില്ലെന്ന് ജിഷ മധു പറഞ്ഞു. ജൂലൈ വരെ ശമ്പളം വാങ്ങിയത് പിഒ സതിയമ്മ തന്നെയെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചു. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ സതിയമ്മയെ നിയമിക്കാന്‍ കത്തു നല്‍കിയിരുന്നുവെന്നാണ് ജിഷ മധു പറയുന്നത്.