കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. കന്നി മാസം ഒന്നാം തീയതിയായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രനട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചത്. നട തുറന്ന ദിവസം ശബരിമല അയ്യപ്പസന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും ഉണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളിൽ പടിപൂജ, ഉദയാസ്തമയപൂജ,25കലശാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവ ഉണ്ടാകും. ഉച്ചയ്‌ക്ക് 1 മണിക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം 5 മണിക്കാണ് പിന്നെ തുറക്കുക. 5 ദിവസത്തെ പൂജകള്‍ കഴിഞ്ഞതിനുശേഷം ക്ഷേത്രതിരുനട സെപ്റംബര്‍ 22 ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്‌ക്കും.