സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മറ്റന്നാൾ തിരുവനന്തപുരത്തും യെല്ലോ അലർട്ട് ആണ്. നാലാം തീയതി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അഞ്ചാം തീയതി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് ആണ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാദ ചുഴി നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. സെപ്റ്റംബർ മൂന്നോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാദ ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാദചുഴി രൂപപ്പെട്ടതിനുശേഷമുള്ള 48 മണിക്കൂറിനുള്ളിൽ ശക്തമായ ന്യൂനമർദ്ദമായി ഇത് മാറും. അടുത്ത അഞ്ചുദിവസം കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.