പി.വി അൻവറിന്റെ വിവാദ പാർക്ക് വാങ്ങുന്നതിൽ നിന്ന് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് പിന്മാറി. പാർക്ക് വാങ്ങുന്നതിന് സഹകരണ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാൽ പാർക്ക് വാങ്ങുന്നതിൽ ജില്ല കോൺഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനാലാണ് ബാങ്ക് ഇടപാടിൽ നിന്ന് പിന്മാറിയത് എന്നാണ് സൂചന. കോൺഗ്രസ് ആണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്. സാധ്യത പഠനത്തിൽ പാർക്ക് വാങ്ങുന്നത് ബാങ്കിന് ഗുണകരമാകുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പാർക്ക് വാങ്ങാൻ ബാങ്ക് ഭരണസമിതി ഐക്യകണ്ഠേന തീരുമാനമെടുത്തിരുന്നത്. ഇടപാടിനായി 15 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.