സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി. വലിപ്പത്തിൽ ഒന്നാമതായിരുന്ന പാലക്കാട് ഇതോടെ വലുപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തായി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിന്റെയും റവന്യൂ രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭൂപ്രദേശം, ഭരണസൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് ജില്ല ഒന്നാമതായത്. ആകെ വിസ്തീർണം 4358 ചതുരശ്രകിലോമീറ്ററിൽ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വർദ്ധിച്ചു. പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്. ഈ മാറ്റത്തിനുശേഷം എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്ത് നിന്ന് അഞ്ചാമതായി.