ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം ആരംഭിച്ചു. മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം ഇന്നലെ ഭാഗികമായി മാത്രമേ നടന്നുള്ളൂ. കിറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ച്യെന്നും ഞായറാഴ്ചയ്ക്കുള്ളിൽ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന ജീവനക്കാർക്ക് ആണ് കിറ്റ് വിതരണം നടത്തുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം പൂർത്തിയായിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മഞ്ഞ കാർഡുകാർക്കുള്ള കിറ്റ് വിതരണം ഭാഗികമായി മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ നടന്നത്. ഇതിനു കാരണമായി ഭക്ഷ്യവകുപ്പ് പറയുന്നത് മിൽമ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതിനുള്ള പ്രതിസന്ധിയാണ്. വരും ദിവസങ്ങളിൽ പ്രശ്നം പരിഹരിച്ച് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നാണ് ഭക്ഷ്യവകുപ്പ് മന്ത്രി പറഞ്ഞത്. 28- തീയതി കഴിഞ്ഞതിനുശേഷം കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.