ഈ പ്രാവശ്യത്തെ തിരുവോണം ബമ്പറിൽ നിന്നും കേരള സർക്കാരിന്റെ ലാഭത്തേക്കാൾ വരുമാനം നേടുന്നത് കേന്ദ്രസർക്കാറായേക്കും. 2023 ഓണം ബമ്പർ വിൽപനയിൽ കേന്ദ്രത്തിന് 62 കോടി രൂപ വരുമാനം ലഭിക്കുമ്പോൾ കേരള സർക്കാരിന്റെ ലാഭം 50 കോടി രൂപയിൽ താഴെ മാത്രമാകും. റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഓണം ബമ്പറിൽ 75.50 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. മൊത്തം ടിക്കറ്റ് വരുമാനം 377.50 കോടി രൂപ കവിഞ്ഞു. ഓണം ബമ്പറിന്റെ ഒന്നാം സമ്മാന ജേതാവിൽ നിന്നുമാത്രം 10.37 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിക്കുന്നു. രണ്ടാം സമ്മാനക്കാരിൽ നിന്നും 6.78 കോടി രൂപയും മൂന്നാം സമ്മാനക്കാരിൽ നിന്നും 3 കോടി രൂപയും നാലാം സമ്മാനക്കാരിൽ നിന്നും 15 ലക്ഷം രൂപയും അഞ്ചാം സമ്മാനക്കാരിൽ നിന്നും ആകെ 6 ലക്ഷം രൂപയും കേന്ദ്ര ഖജനാവിലേക്ക് എത്തിച്ചേരും. ഇതിനു പുറമെ 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാന ജേതാക്കളിൽ നിന്നുള്ള 30 ശതമാനം ടിഡിഎസ് കൂടി ചേരുമ്പോൾ തിരുവോണം ബമ്പറിൽ നിന്നുള്ള കേന്ദ്രസർക്കാരിന്റെ നികുതി വരുമാനം പിന്നെയും വർദ്ധിക്കും.