രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിർദ്ദേശങ്ങൾ പുറത്തിറക്കി NCERT. പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടാണ് പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുകൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷാക്രമത്തിൽ സമൂലമായ മാറ്റമാണ് നടപ്പിലാക്കാൻ പോകുന്നത്. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കും. രണ്ട് പരീക്ഷകളിലെയും മാർക്ക് അന്തിമമായി പരിഗണിക്കും. 9 മുതൽ 12 വരെ ഒറ്റ സെക്കൻഡറി വിഭാഗമാക്കും. ഇതോടെ ആർട്സ് കൊമേഴ്സ് സയൻസ് എന്നീ വേർതിരിവുകൾ ഇല്ലാതാവും. കൂടാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ 4 ഗ്രൂപ്പുകളായി തിരിച്ച് നടത്താനുമാണ് NCERT തീരുമാനിച്ചിരിക്കുന്നത്. പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ചുള്ള പരീക്ഷാക്രമം അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കും. ഇന്ത്യൻ ഭാഷ നിർബന്ധമാക്കും. ചോദ്യപേപ്പറുകൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് തയ്യാറാക്കേണ്ടത്. കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദം പേടി എന്നിവ ഒഴിവാക്കുന്നതിനു വേണ്ടിയിട്ടാണ് ബോർഡ് പരീക്ഷകൾ രണ്ടു തവണയാക്കി നടത്തുന്നത്.
