മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. ഒരാഴ്ചയ്ക്കിടെ മലയാളികൾ കഴിക്കുന്നത് ഒരു കോടി കിലോ ചിക്കൻ. ചിക്കൻ ബിരിയാണി, തന്തൂരി ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ അൽഫാം തുടങ്ങി ചിക്കനില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മലയാളികൾ. സംസ്ഥാനത്തെ ഈ ചിക്കൻ ഉപഭോഗത്തിന് പ്രതിവാരം നമുക്ക് ആവശ്യമുള്ളത് 55 ലക്ഷം ബ്രോയിലർ കോഴികളെ അതായത് ആഴ്ചയിൽ ഒരുകോടി കിലോ ചിക്കൻ. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയാണ് കേരളത്തിലെ ചിക്കൻ ഉപഭോഗത്തെകുറിച്ചുള്ള കണക്ക് പുറത്ത് വിട്ടത്. എന്നാൽ കേരളത്തിന് ആവശ്യമുള്ള ചിക്കനിൽ കേവലം 40% മാത്രമേ സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്നുള്ളൂ. മറ്റു സംസ്ഥാനത്തുള്ളവർ കേരളത്തിനകത്ത് ആരംഭിച്ചിട്ടുള്ള കരാർ ഫാമുകളിലൂടെയാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ചിക്കന്റെ 80 മുതൽ 90% വരുന്നത്. പ്രതിവർഷം ചിക്കൻ വാങ്ങാൻ സംസ്ഥാനം ആറായിരം കോടി രൂപ ചിലവഴിക്കുന്നു. കോഴിത്തീറ്റയും കോഴികുഞ്ഞുങ്ങളെയും വാങ്ങുന്നതിന് കേരളം 5000 കോടി രൂപ ചിലവഴിക്കുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റിയുടെ മറ്റൊരു കണക്ക്. സംസ്ഥാനത്ത് കോഴി വളർത്തൽ നടക്കാത്തതിന്റെ പ്രധാന കാരണം കോഴി വളർത്തലിന് ആവശ്യമായുള്ള ഭൂമിയുടെ ദൗർബല്യവും ഫാം ലൈസൻസിംഗി നിയമങ്ങളിലെ നൂലാമാലകളുമാണ്. ഒരു സെന്റ് ഭൂമിയുള്ള ഫാമിൽ 435 കോഴികളെ വളർത്താം എന്നാണ് യൂണിവേഴ്സിറ്റി പറയുന്നതെങ്കിലും സംസ്ഥാന അനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മെന്റിന്റെ ചട്ടപ്രകാരം കേവലം 15 കോഴികളെ മാത്രമേ ഒരു സെന്ററിൽ വളർത്താൻ സാധിക്കും.