അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച ഇദ്ദേഹം നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. നാഗർകോവിലെ സ്‌കോട്ട് ക്രിസ്ത്യൻ കോളെജിൽ ഹിന്ദി അധ്യാപകനായിരുന്നു ഇദ്ദേഹം. 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാൽപാടുകളിലൂടെയാണ് മധു സിനിമയിലേക്ക് വരുന്നത്. 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഗൗരീശപട്ടത്ത് തിരുവനന്തപുരം മുൻ മേയർ ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933-ലാണ് ജനനം. 1964-ലായിരുന്നു മധുവിന്റെ വിവാഹം. എം ജയലക്ഷ്മിയായിരുന്നു ഭാര്യ. ഏക മകൾ ഉമ. 2004-ൽ മലയാള സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ അവാർഡ്, 2013-ൽ പത്മശ്രീ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെ പ്രസിഡന്റായും മധു പ്രവർത്തിച്ചു.
