പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ഷൊർണൂരിൽ എൻഐഎ യുടെ ലുക്ക് ഔട്ട് നോട്ടീസ്. വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം നൽകുമെന്ന് പറഞ്ഞ് ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും നോട്ടീസ് പതിച്ചു. ശ്രീനിവാസൻ കേസിലെ പ്രതികളെടക്കം കണ്ടെത്താനാണ് നീക്കം. അബ്ദുൽ റഷീദ്, മുഹമ്മദലി, ഷാഹുൽ ഹമീദ്, മുഹമ്മദ് മൺസൂൺ, അബ്ദുൽ വഹാബ്, പേര് വിവരങ്ങൾ ലഭ്യമാകാത്ത മറ്റൊരാൾ എന്നിവരാണ് ലുക്ക് ഔട്ട് നോട്ടീസിൽ ഉള്ളത്. പേരും വിവരങ്ങളും ലഭ്യമാകാത്ത ആളെ കണ്ടെത്തുന്നവർക്ക് 7 ലക്ഷം രൂപയാണ് പ്രതിഫലം. എറണാകുളം സ്വദേശി അബ്ദുൽ വഹാബിനെക്കുറിച്ചും പട്ടാമ്പി സ്വദേശി അബ്ദുൾ റഷീദിനെക്കുറിച്ചും വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപയും മറ്റുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം രൂപയുമാണ് പ്രതിഫലം ലഭിക്കുക. ഇവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. എൻഐഎയുടെ ഫോൺ നമ്പറും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.