എം.എല്‍.എയുടെ കക്കാടംപൊയിലെ പാര്‍ക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ കേരള നദീ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ പാര്‍ക്ക് തുറക്കാന്‍ സർക്കാർ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി കൊടുക്കുക. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കക്കാടംപൊയില്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഈ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും കേരള നദീ സംരക്ഷണ സമിതി ഹര്‍ജിയിലൂടെ പറഞ്ഞു. അവിടുത്തെ മണ്ണിന്റെ ഉറപ്പ് പരിശോധിക്കാന്‍ കോഴിക്കോട് സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ഉടമയെ സഹായിക്കാന്‍ വേണ്ടിയെന്നും കേരള നദീ സംരക്ഷണ സമിതി ആരോപണമുയര്‍ത്തി. ഇന്നലെയാണ് ഭാഗികമായി തുറക്കാൻ സർക്കാർ അനുമതി നൽകിയത്. കുട്ടികളുടെ പാർക്കും പുൽമേടുകളുമാണ് ആദ്യഘട്ടത്തിൽ തുറക്കുക. പിവിആര്‍ നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ട് പിവി അന്‍വര്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്ന് കൊടുക്കാന്‍ അനുമതി നൽകിയതും. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിന് ഉള്ളില്‍ ആയിരിക്കണം എന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധം ഉണ്ടാവരുത് എന്നും പാര്‍ക്കിന്റെ ഉടമ ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.