പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ രണ്ടാംഘട്ട അന്വേഷണം ഊർജിതമായി. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. ഡിഎംഓയുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി. പോലീസ് ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകും. മെഡിക്കൽ ബോർഡിലെ നാല് ഡോക്ടേഴ്‌സിന്റെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. എസിപി സുദർശനയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ഡോ ജമീൽ സജീർ, ഡോ മിനി കമല, ഡോ കെ.ബി സലീം, ഡോ എ. മൃദുലാൽ എന്നിവരുടെ മൊഴിയും എടുത്തു. പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിന 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹർഷിനക്ക് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകൾ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക എങ്ങനെയാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ആഭ്യന്തര വകുപ്പ് അന്വേഷണ നടത്താൻ തീരുമാനിക്കുകയായിരുന്നു. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ദുരിതാശ്വസന നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.