ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സമാധാനത്തിന്റെയും മറ്റൊരു ഓണം കൂടി വന്നെത്തി. ഓണത്തിന് മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് പൂക്കളം. അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസമാണ് പൂക്കളം ഇടുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകമെഴുക്കിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഇടുക. മറ്റു ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരും. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. വൃത്താകൃതിയിലാണ് ഓണപ്പൂക്കളം ഒരുക്കുക എങ്കിലും മൂലംനാളിൽ ചതുരാകൃതിയിൽ വേണം പൂക്കളം ഇടാൻ. പ്രധാന ഓണം ആയ തിരുവോണനാളിൽ പൂക്കളം ഇടുന്ന രീതിയിൽ വ്യത്യാസമുണ്ട്. അന്ന് രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവ് പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവ് പൂശുന്നു. തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമ്മിച്ച ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ഓണം കാണാൻ എത്തുന്ന തൃക്കാക്കരയപ്പനെ ആർത്തു വിളിച്ചു സ്വീകരിക്കും.