പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം കോഴിക്കോട് മെഡിക്കൽ കോളേജിലെ നാലു പേരിലേക്ക്.
ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കത്രിക കുടുങ്ങിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് ശസ്ത്രക്രിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്സുമാരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം. ഇതിനായി അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചാൽ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകളു പോലീസ് തുടങ്ങി കഴിഞ്ഞു.