മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചത്തിൽ അറസ്റ്റ് ചെയ്ത ഗ്രോ വാസു ജയിലിൽ തുടരും. കുന്നമംഗലം കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറായില്ല. കേസ് സെപ്റ്റംബർ 4ന് വീണ്ടും പരിഗണിക്കും. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഗ്രോ വാസുവിനെ ഇന്നു കുന്നമംഗലം കോടതിയിൽ ഹാജരാക്കിയത്. വാസുവിന് മജിസ്ട്രേറ്റ് ഇരിപ്പിടം നൽകിയെങ്കിലും ഇരിക്കാൻ തയ്യാറായില്ല. കുറ്റപത്രത്തെയും സാക്ഷി മൊഴികളെയും വാസു എതിർത്തില്ല. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടൽ ആണെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തി പൊതുജനങ്ങൾക്ക് തടസ്സം ഉണ്ടാക്കി എന്നിവയാണ് ഗ്രോവാസുനെതിരെയുള്ള കുറ്റങ്ങൾ. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ ശ്രമിക്കാത്തതിനാൽ കഴിഞ്ഞ 28 ദിവസമായി ജയിലിൽ കഴിയുകയാണ്. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. അടുത്തമാസം നാലിന് നടക്കുന്ന തുടർ വിചാരണയിൽ ശേഷിക്കുന്ന സാക്ഷികളോട് ഹാജരാവാൻ കോടതി ഉത്തരവിട്ടു. പശ്ചിമഘട്ട രക്തസാക്ഷികൾ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് ഗ്രോ വാസു ജയിലിലേക്ക് മടങ്ങിയത്.