തൊലി വെളുക്കാൻ വ്യാജ ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചു മലപ്പുറത്ത് എട്ടു പേർക്ക് അപൂർവ വൃക്കരോഗം. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാർ. 14 വയസ്സുകാരിയിലാണ് രോഗം ആദ്യം കണ്ടെത്തിയത്. മരുന്നുകൾ ഫലപ്രദമാകാത്ത സാഹചര്യത്തിൽ പതിവില്ലാതെ എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിക്കുന്നത് എന്ന് അന്വേഷിച്ചു. അന്വേഷണത്തിലൂടെയാണ് ഫെയർനെസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. കുട്ടിയുടെ ഒരു ബന്ധവും സമാനരോകാവസ്ഥയുമായി ചികിത്സയ്ക്ക് എത്തി. രണ്ടു പേർക്കും അപൂർവ്വമായ “നെൽ 1 എം എൻ’ പോസിറ്റീവ് ആയിരുന്നു. കുട്ടിയുടെ ബന്ധവും ഫെയർനെസ് ക്രീം ഉപയോഗിച്ചിരുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സ തേടിയെത്തിയ രോഗികളിലാണ് ഈ അപൂർവ്വ വൃക്ക രോഗം കണ്ടെത്തിയത്. രോഗം തിരിച്ചറിയപ്പെട്ടവരിൽ കൂടുതൽ ആളുകളും തൊലി വെളുക്കാൻ ക്രീമുകൾ ഉപയോഗിച്ചവരാണ്. പിന്നീട് ഫേസ്ക്രീം വിശദപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ നൂറുമടങ്ങ് അധികമാണെന്ന് കണ്ടെത്തി. ക്രീമുകളിൽ ഉത്പാദകരെ സംബന്ധിച്ചോ ചേരുവകളെ സംബന്ധിച്ചോ വിവരങ്ങൾ ഉണ്ടായിരുന്നില്ല.
