കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാട് കേസിൽ മുൻമന്ത്രി എസി മൊയ്തീനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. ആദ്യ മൊഴി വിശദമായി പരിശോധിച്ചതിനുശേഷമാക്കും വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക. ഇന്നലെ രാവിലെ ഒമ്പതര മണിയോടുകൂടിയാണ് കൊച്ചിയിലെ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഇദ്ദേഹം എത്തിയത്. ഏകദേശം 10 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. രാത്രി 8:30 യോടു കൂടിയാണ് അദ്ദേഹം പുറത്തേക്ക് വന്നത്. ഇഡി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി അവർ ആവശ്യപ്പെട്ട തെളിവുകൾ എല്ലാം നൽകി എന്നുള്ള മറുപടിയാണ് എസി മൊയ്തീൻ പറഞ്ഞത്. എന്നാൽ ഇഡിയിൽ നിന്ന് ലഭിക്കുന്ന വിവരം ചോദ്യം ചെയ്യൽ പൂർണമായിട്ടില്ലെന്നാണ്. ഇനിയും എസി മൊയ്തീനെ ചോദ്യം ചെയ്യും. പക്ഷേ ചോദ്യം ചെയ്യൽ എന്ന് എന്നത് വ്യക്തമല്ല. മൂന്നാമത്തെ തവണ കത്ത് നൽകിയതിനുശേഷമാണ് ഇന്നലെ ഇദ്ദേഹം ഇഡി യുടെ മുന്നിൽ ഹാജരാകുന്നത്. ആദ്യത്തെ രണ്ട് തവണ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അദ്ദേഹം മാറി നിൽക്കുന്ന സാഹചര്യമുണ്ടായിരുന്നു. കരുവന്നൂർ ബാങ്ക് ഇടപാടുമായി എസി മൊയ്തീന് ഏതെങ്കിലും രീതിയിൽ പങ്കുണ്ടോയെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.