ആലുവയിൽ ഒൻപതുവയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. പ്രതി മലയാളിയാണ്. ഇയാൾ നിരവധി ക്രമിനൽ കേസുകളിലുൾപ്പെട്ട വ്യക്തിയാണെന്നാണ് പുറത്ത് വരുന്ന വിവരം. പീഡനത്തിനിരയായ കുഞ്ഞും സാക്ഷികളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലുവ ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അതിഥി തൊഴിലാളികളുടെ മകൾ പീഡനത്തിനിരയാകുന്നത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടു. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ സുകുമാരനും അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. മാതാവിനെ വിവരം ധരിപ്പിച്ച ശേഷം വളരെ വേഗത്തിൽ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ തെരച്ചിലിൽ അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. . കുട്ടിയെ പരിചയമുള്ള വ്യക്തിയാകാം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം. പ്രതിക്കായി തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.