എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണവും പെൻഷനും നിലച്ചു. ആശുപത്രിയിലേക്കുള്ള വാഹന സൗകര്യം ഇല്ലാതായി. പദ്ധതി പൂർണമായി നിർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് എൻഡോസൾഫാൻ ദുരിതബാധിതർ ആരോപിക്കുന്നു. സൗജന്യ മരുന്ന് വിതരണം പി എച്ച് സി കൾ വഴിയും നീതി സ്റ്റോറുകൾ വഴിയുമാണ് നടക്കുന്നത്. കാസർകോട് ജില്ലയിലെ പുല്ലൂർ പെരിയ, കയ്യൂർ ചിമേനി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യ മരുന്ന് നൽകുന്നത്. കള്ളാറും കാറഡുക്കയും ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ മരുന്ന് വിതരണം നിർത്തിയിട്ട് മാസങ്ങളായി. രോഗികൾക്കുള്ള പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം കഴിഞ്ഞു. ദുരിതബാധിതർക്ക് ചികിത്സയ്ക്ക് പോകാൻ സൗജന്യ വാഹനമുണ്ടായിരുന്നത് നിലച്ചു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴിയായിരുന്നു സൗജന്യ മരുന്നും ചികിത്സ സഹായവും ലഭിച്ചിരുന്നത്. 2022 മുതൽ ഇത് നിർത്തിയതോടെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം തുടർന്നിരുന്നു എന്നാൽ ഇപ്പോൾ ഇതുവരെയും ധനകാര്യവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നില്ല. ഇതുമൂലമാണ് സർക്കാരിന്റേത് പദ്ധതി നിർത്തിവയ്ക്കാനുള്ള ശ്രമമാണോയെന്ന് ദുരിതബാധിതർ ചോദിക്കുന്നത്