ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ കസ്റ്റഡിയിൽ. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു തുടങ്ങിയവരാണ് പിടിയിലായത്. വേട്ടയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെല്ലാം പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് പറഞ്ഞു. വേട്ടയാടിയ 120 കിലോ മ്ലാവിന്റെ ഇറച്ചി കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. വേട്ടയാടുന്ന കട്ടുമൃഗത്തിന്റെ ഇറച്ചി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ എത്തിച്ചും കൊടുത്തിരുന്നു. കാട്ടിറച്ചി വാങ്ങി ഉപയോഗിച്ച ആളുകളെ ഉൾപ്പെടെ കേസിൽ പ്രതിയാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.