കാസർകോട് കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ കാറിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടിയില്ല. കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ അശ്രദ്ധയോടെ വാഹനം ഓടിച്ചത് ഉൾപ്പെടെയുള്ള നിസാരവകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളെ ഇയാൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥിനികളെയാണ് കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ആഷിക, മുസ്‌ലിഫ എന്നിവർ ചിരിയ പാലത്തിന് സമീപം ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ വിദ്യാർഥിനികളുടെ കൈക്ക് പരിക്കേറ്റിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദ് എന്ന് നാട്ടുകാർ പറയുന്നു. ഒളിവിൽ പോയ നൗഷാദിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. നൗഷാദിന്റെ കാർ ഇന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.